കൊൽക്കത്ത: ചാന്ദിപൂർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സോഹം ചക്രബർത്തി, മർദ്ദിച്ചതായി ഹോട്ടൽ ഉടമയുടെ പരാതി. കൊൽക്കത്തയിലെ ന്യൂ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയായ അനിസുൽ അലാമിനെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മർദ്ദിച്ചത്. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത സോഹം ചക്രബർത്തിയുടെ വാഹനം മാറ്റി പാർക്ക് ചെയ്യണമെന്ന് ഹോട്ടൽ ഉടമ ടിഎംസി നേതാവിന്റെ അംഗരക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനം മാറ്റി പാർക്ക് ചെയ്യാൻ സാധിക്കില്ലെന്നും സോഹം ചക്രബർത്തി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടി എംപിയുമായ അഭിഷേക് ബാനർജിയുടെ ഉറ്റ സുഹൃത്താണെന്നും ആയിരുന്നു അംഗരക്ഷകരുടെ മറുപടി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സോഹം ചക്രബർത്തി ഇടപെടുകയും അനിസുൽ അലാമിനെ മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
TMC MLA Soham Chakraborty mercilessly beats, drags by collar a restaurant staffer and then misuses his security to beat up other staffers in Kolkata’s New Town.
Well, no action will be taken against him by Mamata Banerjee’s police coz, in West Bengal, the law is of the ruler as… pic.twitter.com/97LcISEk8u
— Dr.Indranil Khan (Modi ka Parivar) (@IndranilKhan) June 8, 2024
സംഭവം വിവാദമായതോടെ കുറ്റം സമ്മതിച്ച് സോഹം ചക്രബർത്തി രംഗത്തെത്തിയിരുന്നു. അഭിഷേക് ബാനർജിക്കെതിരെ മോശമായ പരാമർശം നടത്തിയതിനാലാണ് ഹോട്ടൽ ഉടമയെ മർദ്ദിച്ചതെന്നായിരുന്നു സോഹം ചക്രബർത്തിയുടെ ന്യായീകരണം. അഭിഷേക് ബാനർജിയെ കുറ്റപ്പെടുത്തുന്നത് കണ്ടു നിൽക്കാനായില്ലെന്നും അതുകൊണ്ടാണ് താൻ അലാമിനെ മർദ്ദിച്ചതെന്നും സോഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സോഹത്തിന്റെ വാദങ്ങൾ ഹോട്ടൽ ഉടമ നിഷേധിച്ചിരുന്നു. താൻ അഭിഷേക് ചക്രവർത്തിയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തെ ആദരിക്കുന്ന വ്യക്തിയാണെന്നും അനിസുൽ അലാം വ്യക്തമാക്കി.