തൃശൂർ; ചരിത്രത്തിലാദ്യമായി എൻഡിഎയ്‌ക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാംഗത്തെ സമ്മാനിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി. വീടുകളിലെത്തി മധുരം പങ്കുവെച്ചാണ് പാർട്ടി പ്രവർത്തകർ നന്ദി അറിയിച്ചത്. ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗൃഹ സമ്പർക്കം.
നഗരത്തിലും നഗരത്തോട് ചേർന്ന വീടുകളിലാണ് നേതാക്കൾ മധുരവുമായി നേരിട്ടെത്തിയത്. എൻഡിഎയ്‌ക്ക് വോട്ട് ചെയ്തതിന് നന്ദി പറഞ്ഞായിരുന്നു മധുര വിതരണം. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂരിൽ ഉജ്ജ്വല വിജയം നേടിയത്. തൃശൂരും നാട്ടികയും ഉൾപ്പെടെയുളള നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതും സുരേഷ് ഗോപിയായിരുന്നു.
കേരളത്തിലെ വിജയം എൻഡിഎ എംപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു. അധ്യക്ഷൻ കെകെ അനീഷ് കുമാർ, ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി എന്നിവരുൾപ്പെടെയാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.
2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിലെ ചിട്ടയായ പ്രവർത്തനമാണ് സുരേഷ് ഗോപിയുടെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച ജില്ലാ നേതാക്കളെ നേരത്തെ സംസ്ഥാന നേതൃത്വം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ സത്യപ്രതിജ്ഞ തൃശൂരിന് ഇരട്ടി മധുരമാകും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കളും ഡൽഹിയിലെത്തും.