ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7.15-ന് രാഷ്‍ട്രപതി ഭവനിലാണ് ചടങ്ങ്. 8,000-ത്തിലധികം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ ഉൾപ്പടെ ചടങ്ങിനെത്തും.
ചടങ്ങിന് ശേഷൺ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന വിരുന്നിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും. സാർക്ക് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്. ലീല, താജ്, ഐടിസി മൗര്യ, ക്ലാരിഡ്ജസ്, ഒബ്‌റോയ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഹോട്ടലുകൾ ഇതിനകം തന്നെ കനത്ത സുരക്ഷയിലാണ്.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരാണ് ചടങ്ങിലെ പ്രധാന അതിഥികൾ.
ഇതിന് പുറമേ അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർ തുടങ്ങി ഭാരതത്തിന്റെ യശസ് ഉയർത്തിയ നിരവധി പേരും ചടങ്ങിന്റെ ഭാഗമാകും. വികസിത് ഭാരത് അംബാസഡർമാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വനവാസി സ്ത്രീകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരും ഉൾപ്പെടുന്നു.
വിവിധ മതങ്ങളിൽ നിന്നുള്ള 50-ഓളം മതനേതാക്കളെയും മൻ കി ബാത്തിൽ നരേന്ദ്ര മോദിയുടെ പ്രശംസയേറ്റു വാങ്ങിയവർ, പത്മ പുരസ്കാരം ജേതാക്കൾ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും. നരേന്ദ്ര മോദിക്കൊപ്പം 30-ഓളം മന്ത്രിമാരകും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.