നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം . രണ്ടാം നരേന്ദ്രമോദി സർക്കാരിലെ റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയായ അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തിൽ എത്തിയത്. നിലവിൽ ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം.
1970 ജൂലൈ 18ന് രാജസ്ഥാനിലെ പാലി ജില്ലയിൽ ദൗലാൽ വൈഷ്ണവ്- സരസ്വതി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. 1991-ൽ ജോധ്പൂരിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം സ്വർണ്ണ മെഡലോടെ നേടി. ഐഐടി കാൺപൂരിൽ നിന്നും എംടെക്കും കരസ്ഥമാക്കി. 1994ൽ 27-ാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. 2008-ൽ സർവീസിൽ നിന്ന് ഇടവേളയെടുത്ത് യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലെ നിന്ന് എംബിഎയും പൂർത്തിയാക്കി.
ഒഡീഷ കേഡറിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആദ്യഘട്ടം മുതൽ അടിസ്ഥാന സൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1999 ൽ ഒഡീഷയിൽ ആഞ്ഞുവിശീയ, ചുഴലിക്കാറ്റിന്റെ സമയവും സ്ഥാനവും സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് രാജ്യന്തര തലത്തിൽ ചർച്ചയായി. സംരംഭക മേഖലയിലും വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്.
അടൽ ബിഹാരി വാജ്‌പേയിമായുള്ള അടുപ്പമാണ് സജീവ രാഷ്‌ട്രീയത്തിൽ എത്തിച്ചത്. 2003 കാലത്ത് പിഎംഒ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി അദ്ദേഹം, വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്.
2021 ജൂലൈ 8 നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ റെയിൽവെ രംഗം നിരവധി സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. ബുള്ളറ്റ് ട്രെയിനുകൾ മുതൽ സ്റ്റേഷനുകളുടെ നവീകരണം അടക്കം സമഗ്രമായ മാറ്റമാണ് ഉണ്ടായത്. ബുള്ളറ്റ് ട്രെയിനുകൾ മുതൽ സ്റ്റേഷന്റെ വികസനം വരെ ഉൾക്കൊള്ളുന്ന വികസന പദ്ധതികളുമായാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവെ ശൃംഖലയെന്ന ബഹുമതി ഇന്ത്യൻ റെയിൽവെയ്‌ക്ക് സ്വന്തമായിയത് അശ്വനീ വൈഷണവിന്റെ കാലത്താണ്. വന്ദേഭാരത്, അമൃത് ഭാരത് പോലുള്ള ട്രെയിനുകൾ രാജ്യമെമ്പാടും സമയബന്ധിതമായു വ്യാപിപ്പിച്ചതും അദ്ദേഹത്തിന്റെ കിരീടത്തിൽ പൊൻതൂവലായി. ഐടി- ഇലട്രോണിക്സ് മേഖലിൽ നിക്ഷേപം ആകർഷിക്കാൻ അദ്ദേഹം കൈക്കൊണ്ട നയപരമായ തീരുമാനങ്ങൾ ആഗോള തലത്തിൽ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.