വിൻഡീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഉഗാണ്ട 12 ഓവറിൽ പുറത്താകുകയായിരുന്നു. വിൻഡീസിനായി ബാറ്റർമാർ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചപ്പോൾ ബൗളിംഗിൽ 5 വിക്കറ്റുമായി അകേൽ ഹുസൈൻ തിളങ്ങി. ടൂർണമെന്റിലെ വെസ്റ്റിൻഡീസിന്റെ രണ്ടാം വിജയമാണിത്.
ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിന് ഭേദപ്പെട്ട തുടക്കമായിരുന്നു. ഓപ്പണർ ബ്രാൻഡൺ കിംഗിന്റെ(13) വിക്കറ്റാണ് വിൻഡീസിന് ആദ്യം നഷ്ടമായത്. കിംഗ്- ചാൾസ് സഖ്യം ആദ്യ വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. വൺഡൗണായി ക്രീസിലെത്തിയ പൂരാനെ കൂട്ടുപിടിച്ച് ചാൾസ് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പിന്നാലെ നിക്കോളാസ് പൂരാനും(22), ചാൾസും (44) പുറത്തായി. റോവ്മൻ പവൽ(23), ഷെർഫെയ്ൻ റുഥർ ഫോർഡ്(22) എന്നിവർ തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തതോടെ വിൻഡീസിന്റെ സ്‌കോർ ഉയർന്നു. അവസാന ഓവറുകളിൽ ആന്ദ്രെ റസലിന്റെ(30) വെടിക്കെട്ട് കൂടിയായപ്പോൾ വിൻഡീസ് സ്‌കോർ കുതിക്കുകയായിരുന്നു. ഉഗാണ്ടയ്‌ക്കായി നായകൻ മസബ 2 വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ ഉഗാണ്ടയ്‌ക്ക് അടിതെറ്റി. ഇന്നിംഗിസിന്റെ തുടക്കം മുതൽ ഉഗാണ്ടൻ ബാറ്റിംഗ് നിര തകർന്നു. വാലറ്റത്തിറങ്ങിയ ജുമ മിയാഗിക്ക്(13*) ഒഴികെ ഉഗാണ്ടൻ നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കാണാൻ സാധിച്ചില്ല. വിൻഡീസ് സ്പിന്നർ അകേൽ ഹുസൈന്റെ പ്രകടനമാണ് ഉഗാണ്ടൻ ഇന്നിംഗ്‌സ് 39 റൺസിൽ ഒതുക്കിയത്. ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും ടോട്ടലെന്ന റെക്കോർഡാണ് ഉഗാണ്ട സ്വന്തമാക്കിയത്.