ടി20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുമ്ര ഇന്ന് പാകിസ്താനെതിരെ കളിക്കില്ലെന്നാണ് പ്രചരണം. പാകിസ്താനിലെ മുൻനിര മാദ്ധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെറ്റിലെ പരിശീലനത്തിനിടെ കാൽപാദത്തിനുണ്ടായ വേദനയെ തുടർന്നാണ് താരം കളിക്കാത്തതെന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ പറയുന്നത്.
മത്സരത്തിന് മുൻപ് ഒരു ഫിറ്റ്നസ് ടെസ്റ്റിന് താരം വിധേയമാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. താരത്തിന്റെ അസാന്നിദ്ധ്യം ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ പറയുന്നത്. സമാ ടിവി അടക്കമുള്ള മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം പാകിസ്താൻ താരം ഷദാബ് ഖാനും പരിക്കിന്റെ പിടിയിലെന്നാണ് സൂചന. ഓൾറൗണ്ടർ ഇന്ത്യക്കെതിരെ കളിക്കാൻ ഇടയില്ലെന്നും റിപ്പോർട്ടുകളുണ്ട്. പരിശീലനത്തനിടെ പുറം വേദന അനുഭവപ്പെട്ട താരം പകുതിക്ക് വച്ച് പരിശീലനം അവസാനിപ്പിച്ചിരുന്നു. ബൗളിംഗിനെ പിന്തുണയ്‌ക്കുന്ന പിച്ചിൽ ലോ സ്കോറിംഗ് ത്രില്ലർ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്.