‘രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും ഞങ്ങൾക്ക് അവസാനമല്ല, അത് ജനങ്ങൾക്ക് വേണ്ടിയുള്ള സേവനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു തുടക്കം മാത്രമാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ബിജെപി എത്രത്തോളം സന്നദ്ധമാണെന്ന് മനസിലാക്കാൻ ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ വാക്കുകൾ മാത്രം മതി..
ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലെ, 29 ലോക്‌സഭാ സീറ്റുകളിലൊന്നായ ഗുണ മണ്ഡലത്തിന്റെ ജനവിധി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. പിതാവ് മാധവ് റാവു സിന്ധ്യയുടെ വിയോഗത്തോടെ 2002 ൽ ഗുണയിൽ മത്സരിച്ച് ലോക്സഭയിലെത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുളള തുടക്കം. 2002 മുതൽ 2019 വരെ അദ്ദേഹം ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2020 ൽ കോൺഗ്രസിനോട് കലഹിച്ച് 22 എംഎൽഎമാരുമായി പാർട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2020 ജൂൺ 19 ന് രാജ്യസഭാ എംപിയായി സിന്ധ്യ തെരഞ്ഞെടുക്കപ്പെട്ടു.2021 ജൂലൈ 7-ന് മന്ത്രിസഭാ പുനസംഘടനയിൽ രണ്ടാം മോദി മന്ത്രിസഭയിൽ സിവിൽ ഏവിയേഷൻ മന്ത്രിയായി അദ്ദേഹം നിയമിതനായി.
മുംബൈയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാധവറാവു സിന്ധ്യയുടേയും മാധവിരാജയുടെയും മകനായി 1971 ജനുവരി ഒന്നിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ജനനം. മുംബൈയിലെ ക്യാമ്പെയിൻ സ്‌കൂളിലും ഡെറാഡൂണിലെ ദി ഡൂൺ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ സിന്ധ്യ ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് എം.എ. ബിരുദം നേടി.
പിന്നീട് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. നേടി പഠനം പൂർത്തിയാക്കി. തുടർന്ന് ജൻമനാട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 2001 ൽ നടന്ന വിമാനപകടത്തിൽ പിതാവായ മാധവറാവു സിന്ധ്യയുടെ അകാല വിയോഗത്തോടെയാണ് സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നത്.
കോൺഗ്രസിന്റെ റാവു യാദ്വേന്ദ്ര സിംഗിനെ 5,40,929 വോട്ടുകൾക്കാണ് ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ പരാജയപ്പെടുത്തിയത്. 9,23,302 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്. സിന്ധ്യയുടെ മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതാവ് മാധവ് റാവു സിന്ധ്യയും വിജയിച്ചുവന്ന മണ്ഡലമാണിത്. 2019 ൽ സിന്ധ്യയെ കൈവിട്ട ഗുണ ഇത്തവണ വീണ്ടും ഒപ്പം ചേർത്തുനിർത്തു. വ്യോമയാന മന്ത്രി എന്ന നിലയിൽ രണ്ടാം മോദി സർക്കാരിൽ നടത്തിയ മികച്ച പ്രവർത്തനമാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ഗുണമായത്. എട്ട് നിയമസഭാ മണ്ഡലങ്ങൾ ചേർന്ന മധ്യപ്രദേശിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഗുണ.
റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ നടത്തിയ ഓപ്പറേഷൻ ഗംഗയുടെ മുഖ്യചുമതല വഹിച്ചവരിൽ ഒരാൾ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി മടങ്ങിയെത്തിയതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നയതന്ത്ര പ്രാവീണ്യവും കർമ്മശേഷിയുമാണ് തെളിഞ്ഞത്.