ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കെ ചടങ്ങിൽ അതിഥിയായി അനുപം ഖേറും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്രനിമിഷത്തിനാണെന്നും തനിക്ക് ലഭിച്ച ഭാഗ്യമായാണ് ക്ഷണത്തെ കാണുന്നതെന്നും അനുപം ഖേർ പ്രതികരിച്ചു.
രാഷ്‌ട്രപതി ഭവനിൽ രാത്രി 7.15ന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 8000 പേർക്ക് ക്ഷണമുള്ള ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി അനുപം ഖേറും എത്തുന്നത്. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്ര മോദി.
‘കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം സർവ്വമേഖലകളിലും പുരോഗതി കൈവരിച്ചു. എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അനുപം ഖേർ പറഞ്ഞു.
ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ വരെ ഉൾപ്പെടുന്ന അതിഥികളാണ് ചടങ്ങിനെത്തുന്നത്. വൈകീട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ച ശേഷം സത്യപ്രതിജ്ഞാ ചടങ്ങിനായി നരേന്ദ്രമോദിയെത്തും.