അഗർത്തല: ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (എഎഡിസി) പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ചയാൻ സാഹയാണ് അറസ്റ്റിലായത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കേസിൽ ഇയാൾക്കെതിരെ ടിടിഎഎഡിസി ബോർഡ് കേസെടുത്തിരുന്നു.
പ്രതി ഉത്തരകടലാസിന്റെ കോപ്പികൾ എടുക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ബോർഡ് ചെയർമാനായ മോഹൻ ജമാതിയയാണ് ഉത്തരകടലാസ് കോപ്പി എടുക്കുന്നതിനായി കടയുടമയെ ഏൽപ്പിച്ചത്. തുടർന്ന് അനുവാദമില്ലാതെ ഇയാൾ ഉത്തരകടലാസിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.
ഉത്തരകടലാസിന്റെ ചിത്രങ്ങൾ വലിയ തോതിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിക്കെതിരെ 120 ബി, 418,420 381 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഡിഒ, ഡിപിഒ റിക്രൂട്ട്‌മെൻ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ടിടിഎഎഡിസി പരീക്ഷാ ബോർഡ് അംഗമായ പ്രദീപ് ദേബ്ബർമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.















