ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ മൂന്നാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് വൻ താരനിര. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രജനീകാന്ത്, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനിൽ കപൂർ, അനുപം ഖേർ, വിക്രാന്ത് മാസെ, പ്രശസ്ത ചലച്ചിത്ര നിർമാതാവ് രാജ്കുമാർ ഹിരാനി എന്നിവർ പങ്കെടുത്തു.
രാഷ്‌ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് താരപരിവേഷം പകർന്നു. മുകേഷ് അംബാനിയും മകൻ അനന്ത് അംബാനിയും ചടങ്ങിൽ പങ്കെടുത്തു.
സാധാരണ ജനങ്ങളുൾപ്പെടെ പതിനായിരക്കണക്കിന് പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാഷ്‌ട്രപതി ഭവനിലെത്തിയത്. ലോകരാഷ്‌ട്രങ്ങളുടെ നേതാക്കന്മാർ അണിനിരന്നത് ചടങ്ങിന്റെ മോടി കൂട്ടി. ചടങ്ങിലെ വിശിഷ്ട അതിഥികളും ക്ഷണിതാക്കളും പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ രാജ്യമൊട്ടാകെ വലിയ ആഘോഷ പരിപാടികളാണ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.