കോട്ടയം; കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടിൽ. അടുക്കളപ്പണിയും മറ്റുമായി സാധാരണ വീട്ടമ്മയുടെ തിരക്കുകൾ. എന്നാൽ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ചില മാദ്ധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അന്നമ്മ മറുപടി നൽകിയെങ്കിലും വാർത്ത ഉറപ്പിച്ചതോടെ ക്യാമറയ്‌ക്ക് മുൻപിൽ പ്രതികരണം വേണമെന്നായി ചാനലുകാർ. ഇത്രയും നാളും ജനങ്ങൾക്ക് വേണ്ടി അധ്വാനിച്ചതിന്റെ ഫലമാണെന്നും അങ്ങനെയേ കാണുന്നുളളൂവെന്നും അന്നമ്മയുടെ ആദ്യ മറുപടി.
മുഴുവൻ സമയവും അദ്ദേഹം പാർട്ടി പ്രവർത്തനത്തിനായി സമർപ്പിച്ചു. ഡൽഹിയിൽ പാർട്ടി യോഗങ്ങൾക്കായി പോകുന്നത് പതിവായതുകൊണ്ട് ഒരു പുതുമ തോന്നിയില്ല. തുടർന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും നൽകും. ജീവിതത്തിൽ ഒപ്പം കൂടിയപ്പോൾ മുതൽ ഇങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാകും ഓരോ കാര്യങ്ങൾ സംഭവിക്കുക.
ആർമി നഴ്‌സായിരുന്നു അന്നമ്മ. 32 വർഷത്തെ സർവ്വീസിന് ശേഷമാണ് വിരമിച്ചത്. ഡൽഹിയിലേക്ക് പോകാൻ കഴിയാത്തതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് സർവ്വീസിലിരിക്കുമ്പോൾ പോലും എല്ലാ സ്ഥലത്തും അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ലെന്ന് അന്നമ്മ പറഞ്ഞു. അതുകൊണ്ടു തന്നെ ഇതിൽ പുതുമ തോന്നുന്നില്ല. സമൂഹത്തെ സേവിക്കുന്നതും സ്വരാജ്യത്തെ സേവിക്കുന്നതും സന്തോഷത്തോടെ കാണുന്നു. ദൈവത്തിന് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു.
ബിജെപി കേരളത്തിൽ ഒന്നുമില്ലാതിരുന്ന സമയത്തും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ജോർജ്ജ് കുര്യനെന്ന് സഹോദരൻ പറഞ്ഞു. അന്ന് അയൽക്കാരും നാട്ടുകാരും എതിർപ്പായിരുന്നു ബിജെപി ഹിന്ദുക്കളുടെ പാർട്ടിയെന്ന് പറഞ്ഞായിരുന്നു എതിർപ്പ്. അഞ്ച് സഹോദരങ്ങളാണ് ജോർജ്ജ് കുര്യനുളളത്.