കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടി നടപ്പാലം ഉടൻ തുറക്കുമെന്ന് തമിഴ് നാട് സർക്കാർ . സംസ്ഥാന ഹൈവേ വകുപ്പാണ് 37 കോടി രൂപ ചെലവിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയിരിക്കുന്നത് .
72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം . പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 97 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്.
പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.മുകളിലൂടെ സന്ദർശകർ കടന്നുപോകുമ്പോൾ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലായിരിക്കും പാലം.
ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും ബംഗാൾ ഉൾക്കടലും ഒരു പോലെ സംഗമിക്കുന്ന ഇവിടം സമാധാനത്തിനും ശാന്തതയ്‌ക്കും പേരുകേട്ട ഇടം കൂടിയാണ്. നിരവധി മെഡിറ്റേഷൻ സെന്ററുകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രധാനമന്ത്രി അടുത്തിടെ വന്നു പോയതോടെ കന്യാകുമാരി വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.















