ന്യൂഡൽഹി : കഴിഞ്ഞ ദിവസം റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും, കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിയാസിയിലെ ശിവ്‌ഖോരിയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒൻപതോളം പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു.
” റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. സംഭവത്തിൽ അതീവ ദു:ഖമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവർണറുമായും ജമ്മു കശ്മീർ ഡിജിപിയുമായും സംസാരിച്ചു. ക്രൂരമായ ആക്രമണം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ല, ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശക്തമായ നിയമ നടപടി ഇവർക്കെതിരെ സ്വീകരിക്കും. പരിക്കേറ്റവർക്ക് അടിയന്തര സഹായങ്ങൾ നൽകാൻ പ്രാദേശിക ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഈ വേദന താങ്ങാനുള്ള എല്ലാശക്തിയും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും” അമിത് ഷാ കുറിച്ചു. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണവും ദു:ഖമുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭീകരവാദം മനുഷ്യരാശിയെ ഇല്ലാതാക്കുന്ന വിപത്താണെന്നും, രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ജമ്മുവിലെ അഖൂർ മേഖലയിൽ ഉൾപ്പെടെ സുരക്ഷാസേന പരിശോധന നടത്തി വരികയാണ്. ബസിന് നേരെ വെടിയുതിർത്തതിന് ശേഷം ആക്രമണം നടത്തിയെന്നാണ് ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായതെന്ന് റിയാസിയിലെ സീനിയർ പോലീസ് സൂപ്രണ്ട് മോഹിത ശർമ്മ പറഞ്ഞു. പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്, ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.