ന്യൂഡൽഹി : മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് സൂചന . ആദ്യ 100 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പ്രകാരം 2 കോടി വീടുകൾ കൂടി അനുവദിക്കാനാണ് നീക്കം . പിഎംഎവൈ-ജിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് നൽകുന്ന സഹായവും 50 ശതമാനം വർദ്ധിപ്പിച്ചേക്കും.
2016 മുതൽ പിഎംഎവൈ-ജിക്ക് കീഴിൽ ഇതിനകം അനുവദിച്ച 2.95 കോടിയിൽ 2 കോടി വീടുകൾ കൂടി സർക്കാർ കൂട്ടിച്ചേർക്കും. ഇതിൽ 2.61 കോടി വീടുകൾ ഇതുവരെ നിർമ്മിച്ചു കഴിഞ്ഞു.
2024-25 സാമ്പത്തിക വർഷത്തേക്ക് പിഎംഎവൈ-ജിക്കായി 54,500.14 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത വീടുള്ളവരുമാണ് ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ വിഹിതം 1.5 ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ വിഹിതം 50000 രൂപയും, നഗരസഭ/ കോർപ്പറേഷൻ വീതം 2 ലക്ഷം രൂപയും ചേർന്ന് പരമാവധി നാല് ലക്ഷം രൂപ വരെ ഓരോ ഗുണഭോക്താവിനും നൽകും
ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾക്കും മുൻഗണന നൽകാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനമാകും .