ലോകം ഉറ്റുനോക്കിയ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കാണ് രാഷ്‌ട്രപതി ഭവൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വയ്‌ക്കുന്ന മോദി സർക്കാരിൽ ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനങ്ങളിൽ ഇടംപിടിച്ചത് 7 വനിതകളാണ്. മൂന്നാം മോദി സർക്കാരിൽ ചരിത്രമെഴുതിയ നാരീശക്തികൾ ഇവർ..
നിർമല സീതാരാമൻ
ഇന്ത്യയിലെ ശക്തരായ വനിതകളിലൊരാളായി രാജ്യാന്തര മാദ്ധ്യമങ്ങൾ പോലും പ്രശംസിച്ച വ്യക്തിയാണ് നിർമല സീതാരാമൻ. ആഗോള സാമ്പത്തിക രംഗം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ഭാരതം ശക്തമായി നിലകൊള്ളുന്നതിൽ സുപ്രധാന പങ്ക് വഹിച്ച കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു നിർമല സീതാരാമൻ. ഇത് മൂന്നാം തവണയാണ് നിർമല സീതാരാമനെ തേടി കേന്ദ്ര മന്ത്രിസ്ഥാനം എത്തുന്നത്.
അന്നപൂർണാദേവി
ഝാർഖണ്ഡിൽ നിന്നുള്ള ഒബിസി നേതാവ് അന്നപൂർണാദേവിയാണ് കേന്ദ്രമന്ത്രി സഭയിലെ രണ്ടാമത്തെ പെൺകരുത്ത്. മുമ്പ് ആർജെഡിയുമായി ബന്ധം പുലർത്തിയിരുന്ന അന്നപൂർണാദേവി ഭർത്താവിന്റെ മരണശേഷമാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. പിന്നീട് അവർ ബിജെപിയിൽ ചേർന്നു. തുടർന്ന് ഝാർഖണ്ഡിലും ബിഹാറിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്‌ക്കാൻ അവർക്ക് സാധിച്ചു.
സാവിത്രി താക്കൂർ
മൂന്നാം മോദി സർക്കാരിലെ സഹമന്ത്രിയായാണ് സാവിത്രി താക്കൂർ അധികാരമേറ്റത്. മധ്യപ്രദേശിൽ നിന്നുള്ള ഗോത്രവർഗ നേതാവാണ് സാവിത്രി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധാർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അവർ മന്ത്രിസഭയിലെത്തിയത്.
നിമുബെൻ ബംഭാനിയ
ഗുജറാത്തിൽ നിന്ന് മോദി സർക്കാരിന്റെ മന്ത്രി സഭയിലെത്തിയ ബംഭാനിയ സഹമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. ഭാവ്‌നഗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി നേതാവ് ഉമേഷ് മക്വാനയെ പരാജയപ്പെടുത്തിയാണ് നിമുബെൻ മോദി സർക്കാരിന്റെ മന്ത്രിസഭയിലെത്തിയത്. 2009-10 നും 2015-18 നും ഇടയിൽ രണ്ട് തവണ ഭാവ്നഗർ മേയറായും നിമുബെൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 നും 2021 നും ഇടയിൽ ബിജെപി മഹിളാ മോർച്ചയുടെ സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.
രക്ഷാ ഖഡ്‌സെ
ബിജെപി മുൻ നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകളായ രക്ഷാ ഖഡ്‌സെ സഹമന്ത്രിയായാണ് ചുമതലയേറ്റത്. 2013ൽ ഭർത്താവ് നിഖിൽ ആത്മഹത്യ ചെയ്തതോടെയാണ് രക്ഷാ ഖഡ്‌സെ രാഷ്‌ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുന്നത്. 2014ൽ റേവർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റ് അംഗമായായാണ് അവർ ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2019ലും രക്ഷാ ഖഡ്‌സെ എംപിയായി. മോദി മന്ത്രി സഭയിൽ മൂന്നാം മൂഴത്തിനാണ് രക്ഷാ ഖഡ്‌സെ ഇപ്പോൾ ഒരുങ്ങുന്നത്.
ശോഭ കരന്ദലാജെ
ബെംഗളൂരുവിലെ ആദ്യ വനിതാ എംപി എന്ന ചരിത്രവിജയം സ്വന്തമാക്കിയാണ് ശോഭ കരന്ദലജെ മൂന്നാം മോദി സർക്കാരിന്റെ ഭാഗമായത്. 2014 മുതൽ പാർലമെന്റ് എംപിയായി അവർ സേവനം അനുഷ്ഠിച്ചു. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച കരന്ദലാജെ കോൺഗ്രസിലെ എംവി രാജീവ് ഗൗഡയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിലെ ആദ്യ വനിതാ എംപിയായത്.
അനുപ്രിയ പട്ടേൽ
പിന്നാക്ക സമുദായത്തിൽ നിന്നെത്തിയ അനുപ്രിയ പട്ടേൽ, പ്രമുഖ നേതാവും അപ്‌നദളിന്റെ സ്ഥാപകനായ പരേതനായ ഡോ. സോണിലാലിന്റെ മകളാണ്. ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ രമേഷ് ചന്ദ് ബിന്ദിനെ 37,810 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെടുത്തിയത്.