തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്‌ക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. എന്നാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം ഉടൻ തന്നെ അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
സിദ്ധാർത്ഥ് റാഗിംഗിന് ഇരയായെന്ന് കണ്ടെത്തിയതോടെ 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. സിബിഐയ്‌ക്ക് അന്വേഷണം കൈമാറുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചു. സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 18 നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്‌റൂമിൽ തൂങ്ങി മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐയുടെ പ്രതിപ്പട്ടികയിലുള്ള 19 പേർക്കും ആഴ്ചകൾക്ക് മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതായി മതിയായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.