ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് ഇന്ത്യൻ സിനിമാ ലോകം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരങ്ങൾ ആശംസകൾ അറിയിച്ചത്. സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, ചിരഞ്ജീവി, റിഷബ് ഷെട്ടി, രാജ്കുമാർ റാവു എന്നിവർ പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെയെന്ന് വരുൺ ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ മൂന്നാം ടേമിന് ആശംസകളെന്ന് സിദ്ധാർത്ഥ് മൽഹോത്രയും ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാജ്കുമാർ റാവുവും ആശംസാ കുറിപ്പ് പങ്കുവച്ചു. നിങ്ങളുടെ മാതൃകാപരമായ നേതൃത്വത്തിന് കീഴിൽ രാജ്യം ഇനിയും വളരട്ടെയെന്ന് രാജ്കുമാർ റാവു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വികസനം, വിദ്യാഭ്യാസം, രാജ്യസുരക്ഷ എന്നിവയോടുള്ള അങ്ങയുടെ സമർപ്പണത്തെ പ്രശംസിക്കുന്നുവെന്നാണ് റിഷബ് ഷെട്ടി അഭിനന്ദിച്ചത്. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളെന്ന് ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ആശംസകൾ നേരുന്നുവെന്നും രാജ്യത്തെ സമൃദ്ധിയുടെ പാതയിലൂടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർ പങ്കെടുത്തിരുന്നു. താരങ്ങളെ കൂടാതെ മന്ത്രിമാർ, പ്രമുഖ സംരംഭകർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ ചടങ്ങിന്റെ ഭാഗമായി.















