ആലപ്പുഴ: ഒന്നര വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിടിയിലായ അമ്മ, കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി. തിരുവനന്തപുരം പാങ്ങോട് സ്വദേശി നജുമുദീനെതിരെയാണ് കുട്ടിയുടെ മാതാവായ മാന്നാർ സ്വദേശി അനീഷ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും കുട്ടിയെ നോക്കാനുള്ള ചെലവ് തരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായാണ് യുവതി പരാതി നൽകിയത്.
രണ്ട് ദിവസം മുമ്പാണ് ഒന്നര വയസുള്ള കുട്ടിയെ അനീഷ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്നെയും തന്റെ മകനെയും, പങ്കാളി നോക്കുന്നില്ലെന്നും കുട്ടിയെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തങ്ങളെ കൂടെ കൊണ്ടുപോകുമെന്ന് കരുതിയെന്നുമാണ് അനീഷ പൊലീസിന് മൊഴി നൽകിയത്.
രണ്ട് വട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാദ്ധ്യമം വഴിയാണ് നജുമുദീനെ പരിചയപ്പെട്ടത്. തുടർന്ന് 2022 മുതൽ ഇവർ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു. ഇയാൾക്ക് മറ്റ് രണ്ട് ഭാര്യമാരുള്ള വിവരം പിന്നീടാണ് അനീഷ അറിഞ്ഞത്. ഇതിനിടയിൽ യുവതി ഗർഭിണിയായതോടെ നജുമൂദീൻ മറ്റൊര വിവാഹവും കഴിച്ചു. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയായിരുന്നു.
തുടർന്ന് ഇയാളുമായി വഴക്കുണ്ടാക്കിയാണ് അനീഷ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയത്. നജുമുദീനോടുള്ള ദേഷ്യമാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞിനെയും മർദ്ദനത്തിനിരയായ മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.















