നാരീശക്തിയുടെ ആൾരൂപം. നിർമലാ സീതാരാമൻ കഴിഞ്ഞാൽ മൂന്നാം മോദി മന്ത്രിസഭയിൽ കാബിനറ്റ് പദവി വഹിക്കുന്ന ഒരേയൊരു വനിതാ. ഝാർഖണ്ഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചെത്തിയ പെൺ കരുത്ത്. 3.77 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ 55-കാരി വിജയക്കൊടി പാറിച്ചത്. ഇന്നലെ രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ കാബിനറ്റ് മന്ത്രിയായി സത്യവാചകം ചൊല്ലിയ അന്നപൂർണ ദേവിയെ കുറിച്ച് പറയാനേറെയാണ്.
ആഗ്രഹ പ്രകാരം രാഷ്‌ട്രീയത്തിലെത്തിയ നേതാവല്ല അന്നപൂർണാദേവി, മറിച്ച് ഭർത്താവിന്റെ വിയോഗത്തിലൂടെ ഉണ്ടായ വിള്ളലകറ്റാൻ രാഷ്‌ട്രീയത്തിൽ കാലെടുത്ത് വച്ച പെൺ പുലിയാണവർ. സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനം അവരെ ജനപ്രിയയാക്കി.
രാഷ്‌ട്രീയ ജനതാദളിന്റെ (ആർജെഡി) നേതാവായിരുന്നു ഭർത്താവ് രമേഷ് യാദവ്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് 1998-ലാണ് കൊഡെർമ നിയമസഭാ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലെത്തുന്നത്. അന്ന് മണ്ഡലം ബിഹാറിന്റെ ഭാഗമായിരുന്നു. ഇന്ന് അത് ഝാർഖണ്ഡിലാണ്.
#WATCH | BJP leader Annapurna Devi sworn-in as Union Minister in the Prime Minister Narendra Modi-led NDA government pic.twitter.com/jsGZhstKQs
— ANI (@ANI) June 9, 2024
തുടർന്ന് 2000, 2004, 2005, 2001 വർഷങ്ങളിൽ ആർജെഡിയുടെ നോമിനിയായി ജയിച്ച അന്നപൂർണാദേവി 2012-ൽ ഝാർഖണ്ഡ് സർക്കാരിൽ മന്ത്രിയായി. ഒബിസി യാദവ സമൂഹത്തിൽ പെട്ട അന്നപൂർണാദേവിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ച അവർക്ക് റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുക്കാൻ കാരണമായത് കൊണെർമ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ആറ് നിയസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ്.
2014-19 വർഷങ്ങളിൽ ഝാർഖണ്ഡ് ആർജെഡി അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ച അവർ 2019-ലാണ് ബിജെപിയിലെത്തുന്നത്. അതേ വർഷം ലോക്സഭയിലേക്ക് മത്സരിച്ച് 4.55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2021 മുതൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി നിരന്തരം അവർ ശബ്ദമുയർത്തിയിരുന്നു.















