തൃശൂർ: കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ എൻപി വിൻസന്റും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിനറെ നിർദേശ പ്രകാരമാണ് രാജിവച്ചത്.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ജോസ് വള്ളൂരിനെ സ്വീകരിക്കാൻ രാവിലെ തന്നെ പ്രവർത്തകർ ഡിസിസി ഓഫീസിലെത്തിയിരുന്നു. ഡിസിസി ഓഫീസിലെ ജില്ലാ നേതാക്കളുടെ ചർച്ചകൾക്ക് ശേഷമായിരിക്കും രാജിവയ്‌ക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തുടർന്ന് കണിമംഗലത്തെ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ചർച്ച നടക്കുന്ന സ്ഥലത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
രാജിക്ക് പിന്നാല പ്രവർത്തർ വൈകാരികമായി പ്രതികരിച്ചു. മുദ്രാവാക്യം വിളികളും സംഘർഷാവസ്ഥയും ഉണ്ടായി. പിന്നാലെ പൊലീസും സ്ഥലത്തെത്തി. രാവിലെ മുതൽ ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന വലിയ വിഭാഗം അണികൾ കൂട്ടത്തോടെ ഡിസിസി ഓഫീസിലെത്തിയിരുന്നു.
തോൽവിയിൽ ഒരാളെ മാത്രം വേട്ടയാടുന്ന നിലപാട് ശരിയല്ലെന്നും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഡിസിസി ഓഫീസിലെത്തിയ വള്ളൂരിന്റെ അനുകൂലികൾ പറഞ്ഞു.ജോസ് വള്ളൂർ രാജിവച്ചാൽ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന് ചില കൗൺസിലർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.















