ശ്രീനഗർ: കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. സംഭവ സമയത്ത് രണ്ട് ഭീകരർ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇതിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും റിയാസി സീനിയർ പൊലീസ് സൂപ്രണ്ട് മോഹിത ശർമ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പത്തോളം തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 33 പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തും വനമേഖലകൾ കേന്ദ്രീകരിച്ചും പരിശോധന നടന്നുവരികയാണ്.
15-20 മിനിറ്റോളം വെടിവയ്പ്പ് തുടർന്നെന്നും ഡ്രൈവറുടെ തലയ്‌ക്ക് വെടിയേറ്റതാണ് അപകട കാരണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡ്രൈവറുടെ തലയ്‌ക്ക് വെടിയേറ്റതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വാഹനം താഴ്ചയിലേക്ക് പതിച്ചു. വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ട്.
ആക്രമണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സഹായം ഉറപ്പാക്കാനും അദ്ദേഹം നിർദേശിച്ചു.















