കോട്ടയം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേ സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സുരേഷ് ഗോപിക്ക് ലഭിച്ച പദവിയിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
കേരളത്തിനായി രണ്ട് മന്ത്രിമാരെ കിട്ടിയതിലും സന്തോഷമുണ്ട്. സുരേഷ് ഗോപിക്ക് ലഭിച്ച മന്ത്രിസ്ഥാനം ഒരിക്കലും എൻഎസ്എസിന്റെ ഇടപെടൽ മൂലമല്ല, അതുകൊണ്ട് തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് എൻഎസ്എസിന്റെ നേട്ടമാണെന്ന് പറയാൻ കഴിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ആർക്ക് വേണമെങ്കിലും എൻഎസ്എസ് ആസ്ഥാനത്തേക്ക് കടന്നുവരാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുൻപ് എൻഎസ്എസ് ആസ്ഥാനത്ത് സുരേഷ് ഗോപിയെത്തിയപ്പോൾ സുകുമാരൻ നായർ ഇറക്കിവിട്ടത് വലിയ വാർത്തയായിരുന്നു. 2015ലായിരുന്നു സംഭവം നടന്നത്. പെരുന്നയിൽ എൻഎസ്എസിന്റെ ബജറ്റ് അവതരണ ഹാളിലേക്ക് എത്തിയ സുരേഷ് ഗോപിയോട് അതൃപ്തി പ്രകടിപ്പിച്ച സുകുമാരൻ നായർ ഇറക്കിവിടുകയായിരുന്നു.
എന്നാൽ പിന്നീട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ എൻഎസ്എസ് ആസ്ഥാനത്ത് സുരേഷ് ഗോപി എത്തുകയും സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപും സുരേഷ് ഗോപി പെരുന്നയിലെത്തി.