ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗരുഡന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. മെയ് 31-ന് തിയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. 10 ദിവസം കൊണ്ട് 36.25 കോടിയാണ് ചിത്രം നേടിയത്. തമിഴ് സിനിമകളുടെ ഇന്ത്യൻ കളക്ഷനുകൾ പരിശോധിച്ചാൽ ഈ വർഷത്തെ മികച്ച നാലാമത്തെ കളക്ഷനാണിത്.
വിദേശത്ത് നിന്ന് 6.25 കോടിയും ചേർത്ത് ആഗോള ബോക്സോഫീസിൽ 42.50 കോടിയാണ് ഗരുഡൻ നേടിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാസ് ലുക്കും ഡയലോഗ് ഡെലിവറിയും ഗംഭീരമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തമിഴ്‌നാട്ടിൽ നിന്നാണ് ഏറ്റവും മികച്ച കളക്ഷൻ ലഭിച്ചത്. ഈ വർഷം അയലൻ, ക്യാപ്റ്റൻ മില്ലർ, അരന്മനൈ 4 എന്നിവയ്‌ക്ക് ശേഷം തമിഴിൽ ആദ്യ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഗരുഡൻ. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്.















