ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഒരിക്കലും തന്റേതല്ല ജനങ്ങളുടെ ഓഫീസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന്റെ പുരോഗതിക്കായാണ് നീക്കിവച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം പിഎംഓയിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
“ലക്ഷ്യങ്ങൾ കൈവരിക്കാൻ ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് ആവശ്യം. പത്തുവർഷങ്ങൾക്കു മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസെന്നാൽ അധികാരത്തിന്റെ കേന്ദ്രമെന്നായിരുന്നു രാജ്യത്തെ ജനങ്ങളുടെ ധാരണ. എന്നാൽ താൻ ഒരിക്കലും അധികാരം നേടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല, അതല്ല തന്റെ പാതയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലാ സംവിധാനങ്ങൾക്കും പുതിയ വെളിച്ചം നൽകുന്ന ഊർജ്ജം ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2014 മുതൽ ഇതിനായുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പിഎംഒ എന്നത് ജനങ്ങളുടെ പിഎംഒ ആയിരിക്കും, മോദിയുടേതല്ല,”അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായിരിക്കണം പ്രഥമ സ്ഥാനം. 2047 ൽ വികസിത ഭാരതം, അതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം ഓഫീസിലെ ഉദ്യോഗസ്ഥരോടായി പറഞ്ഞു. ഒരു നിശ്ചിത സമയത്ത് തുടങ്ങി ഒരു നിശ്ചിത സമയത്ത് അവസാനിക്കുന്ന തരത്തിലല്ല പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലക്ഷ്യം എത്രത്തോളം വലുതാണെന്നുള്ളത് മനസിൽ കണ്ട് 24 മണിക്കൂറും ജീവനക്കാർ കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.















