കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു. നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 300 രൂപയാണ് വില. അഴീക്കോട് ഹാർബറിലും മത്തിക്ക് 300 രൂപയാണ് വില. കുഞ്ഞയലയ്‌ക്ക് 200 രൂപയുമാണ് ശരാശരി വില.
ലഭ്യത കുറവും ട്രോളിംഗ് നിരോധനവുമാണ് മീൻ വില കത്തിക്കയറാൻ കാരണം. വരും ദിവസങ്ങളിൽ വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തൽ. 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31-ന് അർദ്ധരാത്രി അവസാനിക്കും.
ഇക്കാലയളവിൽ ചെറിയ മത്സ്യബന്ധന ബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കുമാണ് കടലിൽ പോകാൻ അനുമതി. നാല് പേർ പോകുന്ന വള്ളത്തിന് ഏകദേശം 10,000 രൂപയോളമാണ് ചെലവ്. 40-50 തൊഴിലാളികൾ കയറുന്ന വള്ളങ്ങളാണെങ്കിൽ ചെലവ് 50,000-ത്തിലേറെ രൂപയാകും. ഇതിനിടെ ഇന്ധന വില ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അടുത്തിടെയായി പച്ചക്കറി വിലയും കുതിപ്പിൽ തന്നെയാണ്. പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവും കൂടുതൽ വില. നീളൻ മുളകിന് കിലോയ്‌ക്ക് 140-150 രൂപയാണ് എറണാകുളത്തെ വില. ഉണ്ട മുളകിന്റെ വില 155 രൂപ വരെ ഉയർന്നു. തക്കാളിക്ക് 80-100 രൂപയാണ് വില. ഒരാഴ്ച കൊണ്ട് 40 രൂപയാണ് കൂടിയത്. ബീൻസിന് കിലോയ്‌ക്ക് 180 രൂപയിലാണ് വ്യാപാരം. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവയുടെ വിലയും കുതിപ്പിൽ തന്നെയാണ്.
ഇറച്ചി വിലയും കൂടുകയാണ്. ചിക്കന്റെയും ബീഫിന്റെയും വിലയിലർ 40 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഉണ്ടായത്. ആട്ടിറച്ചിക്ക് വില 800 രൂപയ്‌ക്ക് മുകളിലാണ്. ഭക്ഷണ കാര്യത്തിൽ ഭീമൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി.















