കാൻബെറ: മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണുമരിച്ചു. കണ്ണൂർ സ്വദേശിനിയായ മർവ ഹാഷി, കോഴിക്കോട് സ്വദേശിനിയായ നീർഷാ ഹാരിസ് എന്നിവരാണ് മരിച്ചത്. ഓസ്ട്രേലിയയിലെ ഡിസ്നിയിലാണ് അപകടം നടന്നത്. അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു യുവതികൾ. ഇവരോടൊപ്പം ഉണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. പാറക്കെട്ടിൽ ഇരിക്കുന്നതിനിടെ തിരമാലകൾ വന്നടിക്കുകയും മൂന്ന് പേരും പാറക്കെട്ടുകൾക്കിടിയിലൂടെ കടലിലേക്ക് വീഴുകയുമായിരുന്നു. ഓസ്ട്രേലിയയിലെ സർക്കാർ ഉദ്യോഗസ്ഥയാണ് മർവ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് യുവതികൾ കടൽതീരത്തെത്തിയത്.
അപകടത്തിന് ശേഷം യുവതികളെ കാണാതായിരുന്നു. തുടർന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















