കൊല്ലം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് വിവരങ്ങളെക്കുറിച്ച് പുറത്തുവരുന്നതിനിടെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ ബാങ്കിലെ തട്ടിപ്പ് കൂടി പുറത്തായി. കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന ഗൃഹലക്ഷ്മി ഹോം അപ്ലയൻസിലെ ജീവനക്കാരൻ 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ശങ്കർമുക്ക് സ്വദേശിയായ ജീവനക്കാരൻ സിപിഎം കടയ്‌ക്കൽ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമാണ്.
എന്നാൽ പാർട്ടി നേതൃത്വം ഇടപെട്ട് തട്ടിപ്പ് ഒതുക്കിത്തീർത്തെന്നാണ് ആരോപണം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജീവനക്കാരനെ പാർട്ടി സംരക്ഷിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്കിൽ നേരത്തെ ക്രമക്കേടുകൾ കണ്ടെത്തിയിടരുന്നു. എന്നാൽ എല്ലാത്തവണയും പാർട്ടി നേതൃത്വം ഇടപെട്ട് ഒതുക്കിയെന്നാണ് വിമർശനം.
നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്കിനെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയ ശേഷം ബാങ്ക് വഴിവിട്ട് നിക്ഷപം സ്വീകരിച്ചതായി സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.