കുവൈത്തിലേക്ക് തിരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രിയാകും ഏകോപിപ്പിക്കുക. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികളാണ് ഇനി ചെയ്യാനുള്ളത്. 41 പേരാണ് മരിച്ചത്. ഇതിൽ 21 പേർ ഇന്ത്യക്കാരാണ്. 11 പേർ മലയാളികളാണെന്നുമാണ് വിവരം. 46 പേരാണ് ചികിത്സയിലുള്ളത്. രക്ഷാദൗത്യത്തിനിടെ അഞ്ച് അഗ്നിശമന ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം.
പുക ശ്വസിച്ചും രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ് പലർക്കും പരിക്കേറ്റത്. തൊഴിലാളികൾ തിങ്ങി പാർത്തിരുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. പലരും ഈ സമയത്ത് ഉറക്കിത്തിലായിരുന്നതിനാൽ തന്നെ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണമേറെയും.
പരിക്കേറ്റവരെ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ആറ് പേരെയാണ് ഇന്ത്യൻ അംബാസഡര്‍ ആദർശ് സ്വൈക സന്ദര്‍ശിച്ചത്.