ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. മൂന്നാം എൻഡിഎ സർക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നീക്കം. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി.കെ മിശ്രയും തുടരുന്നതാണ്. കാബിനറ്റിന്റെ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഭരണപരമായ ചുമതലകളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രിൻസിപ്പിൽ സെക്രട്ടറിയായ മിശ്രയാണ്. ദേശീയ സുരക്ഷ, സൈനിക നടപടികൾ, ഇന്റലിജൻസ് എന്നീ മേഖലകളാണ് ഡോവൽ കൈകാര്യം ചെയ്യുക. 1968 ബാച്ച് ഐപിഎസ് ഓഫീസറാണ് ഡോവൽ. പി.കെ മിശ്ര 1972 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്.















