ലക്നൗ: ഉത്തർപ്രദേശിൽ മൂന്നുനില വീടിന് തീപിടിച്ച് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 5 പേർ മരിച്ചു. ഗാസിയാബാദിലെ ലോനി പ്രദേശത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പൊലീസും തീയണയ്‌ക്കുന്നതിനായി ശ്രമങ്ങൾ ആരംഭിച്ചപ്പോഴേക്കും കുടുംബാംഗങ്ങളിൽ 5 പേർ മരിച്ചിരുന്നു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈഫുൽ റഹ്മാൻ (35), ഭാര്യ നസീറ (32), മകൾ ഇസ്ര (7), ഏഴ് മാസം പ്രായമുള്ള ഫായിസ്, ഫർഹീൻ (25) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെടുത്തിയ അർശ് (10) ഉസ്മാ (25) എന്നിവരെ ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അഡിഷണൽ പൊലീസ് കമ്മീഷണർ പി. ദിനേശ് അറിയിച്ചു.