ന്യൂഡൽഹി: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജി-7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
സാങ്കേതികവിദ്യയെ കുറിച്ചുള്ള ജി-7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമെന്നാണ് വിവരം. ജി-7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. 2021- ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിലാണ് ഉച്ചകോടി നടക്കുന്നത്. ജൂൺ 15 വരെയായിരിക്കും ഉച്ചകോടി നടക്കുക.















