ന്യൂഡൽഹി: മോദിയുടെ മൂന്നാമൂഴത്തിൽ വീണ്ടും പ്രതിരോധമന്ത്രിയായി ചുമതലയേറ്റ് രാജ്‌നാഥ്‌സിംഗ്. ശക്തവും സ്വാശ്രയത്വവുമുള്ള ആത്മനിർഭര ഭാരതം ആർജ്ജിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യാഴാഴ്ച ചുമതലയേറ്റ അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിലെ കയറ്റുമതി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ ഇന്ത്യ കയറ്റിയയ്‌ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഒരിക്കൽ കൂടി പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല എനിക്ക് തന്നിരിക്കുകയാണ് പ്രധാനമന്ത്രി മോദി. നമ്മുടെ മുൻഗണന രാജ്യ സംരക്ഷണം തന്നെയായിരിക്കും. ശക്തമായ ആത്മനിർഭര ഭാരതം ആർജ്ജിക്കാൻ നമ്മൾ ലക്ഷ്യമിടുന്നു. പ്രതിരോധ സാമഗ്രികളുടെ ഉല്പാദനത്തിലെ സ്വാശ്രയത്വം നമ്മൾ ആഗ്രഹിക്കുന്നു. ഇതുവരെ നമ്മൾ 21,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് കയറ്റുമതി ചെയ്തത് . ഇത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50 ,000 കോടിയാക്കുക എന്നതാണ് ലക്ഷ്യം. സൈന്യത്തെയും, വ്യോമസേനയെയും, നാവികസേനയെയും ഓർത്ത് നമ്മൾ അഭിമാനിക്കുന്നു “, അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നും പാർലമെൻ്റ് അംഗമായ രാജ്‌നാഥ് സിംഗ് 2019 ജൂൺ 1-നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയേൽക്കുന്നത്.