അമൃത്സർ : പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ മസ്ത്ഗഢ് ഗ്രാമത്തിൽ നിന്ന് ചൈനീസ് ഡ്രോണുകൾ കണ്ടെടുത്ത് അതിർത്തി രക്ഷാ സേന.
ജില്ലയിൽ ഒരാഴ്ചക്കിടയിൽ സുരക്ഷാ സേന കണ്ടെടുക്കുന്ന മൂന്നാമത്തെ ചൈനീസ് ഡ്രോണാണിത്.
ജൂൺ 13 ന് തരൺ തരൺ ജില്ലയുടെ അതിർത്തി ഭാഗത്ത് ഡ്രോൺ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്ത തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൈകീട്ട് 6.30 ഓടെ ഒരു ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. കണ്ടെടുത്ത ഡ്രോൺ ചൈന നിർമ്മിത ഡിജെഐ മാവിക്-3 ക്ലാസിക്കാണെന്ന് തിരിച്ചറിഞ്ഞതായി ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 10 ന് തരൺ തരൺ ജില്ലയിലെ നൗഷേര ധല്ല ഗ്രാമത്തിലെ ഒരു കാർഷിക മേഖലയിൽ നിന്നും ജൂൺ 9 ന് തരൺ തരണിലെ സിബി ചന്ദ് ഗ്രാമത്തോട് ചേർന്നുള്ള മറ്റൊരു കാർഷിക പ്രദേശത്തുനിന്നും DJI മാവിക്-3 ക്ലാസിക് ഡ്രോൺ ബിഎസ്എഫ് ജവാന്മാർ കണ്ടെടുത്തിരുന്നു.















