സിഖ് സമുദായത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ പാകിസ്താൻ മുൻ താരം കമ്രാൻ അക്മലിനെതിരെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. വിഷയം പാകിസ്താൻ നേതൃത്വവുമായി ചർച്ച ചെയ്യണമെന്നും സിഖ് വിരുദ്ധ പരാമർശം അവസാനിപ്പിക്കാനായി നടപടികൾ കൈക്കൊളണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ താരം അർഷ്ദീപ് സിംഗിനെ പരിഹസിച്ചുകൊണ്ടുള്ള കമ്രാൻ അക്മലിന്റെ വംശീയാധിക്ഷേപം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനിടെയായിരുന്നു വംശീയ പരാമർശം. അർഷ്ദീപ് സിംഗ് പന്തെറിയാനെത്തിയപ്പോഴായിരുന്നു സംഭവം. ”ഇനിയെന്തും സംഭവിക്കാം. സമയം 12 മണി കഴിഞ്ഞു. 12 മണികഴിഞ്ഞാൽ ഒരു സിഖുകാരനും ഓവർ കൊടുക്കരുതെന്നാണ്”. ചാനൽ ചർച്ചയിൽ കമ്രാൻ അക്മൽ പറഞ്ഞത്. മുൻ പാക് താരത്തിന്റെ പരാമർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
പ്രതിഷേധം ശക്തമായതോടെ മാപ്പുചോദിച്ച് കമ്രാനും രംഗത്തെത്തി. തെറ്റ് മനസിലാക്കുന്നുവെന്നും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സിഖ് സമുദായത്തോട് തനിക്ക് അതിയായ ബഹുമാനമുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പാക് മുൻ താരം എക്സിൽ കുറിച്ചു.















