റായ്പൂർ: 2023-ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ് നടത്തി. സംസ്ഥാനത്തെ ആറ് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ആറിടങ്ങളിൽ നിന്നായി 2.98 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഗരിയബന്ദ് ജില്ലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലായിരുന്നു റെയ്ഡ്. പ്രതികളുടെ ഉടമസ്ഥയിലുള്ള സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. മാവോയിസ്റ്റുകളുടെ സഹായികളാണെന്ന് സംശയിക്കുന്ന ആളുകളിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇൻഡോ-ടിബറ്റൻ ബറ്റാലിയൻ പൊലീസിലെ ഹെഡ് കോൺസ്റ്റബിളിന് പരിക്കേറ്റിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.















