ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ ദൗത്യ കഥയുമായി മേജർ രവി വീണ്ടും. ഓപ്പറേഷൻ രാഹത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു. തമിഴ് നടൻ ശരത് കുമാർ നായക കഥാപാത്രമായി എത്തുന്ന ചിത്രം, 2015-ൽ യെമനിൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിൽ ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ ദൗത്യത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് നിഗമനം. “An Indian movie from South” എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയുടെ ഔദ്യോഗിക പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
2017-ൽ റിലീസ് ചെയ്ത ‘1971 ബിയോണ്ട് ദി ബോർഡർ’ ആയിരുന്നു മേജർ രവി അവസാനം സംവിധാനം ചെയ്ത ചിത്രം. ഏഴു വർഷത്തിനു ശേഷമാണ് വീണ്ടും സംവിധായകന്റെ കുപ്പായം മേജർ രവി അണിയുന്നത്. 2015 മാർച്ച് 27 ന് ഷിയാ ഹൂതി വിമതരെ ആക്രമിക്കുന്നതിൽ അറബ് രാജ്യങ്ങളുടെ സഖ്യത്തിന് റോയൽ സൗദി എയർഫോഴ്‌സ് നേതൃത്വം നൽകിയതോടെയാണ് യെമനിൽ സൈനിക ഇടപെടൽ ആരംഭിച്ചത്. ഹൂത്തി ഗറില്ലകൾ പ്രസിഡൻ്റ് അബ്ദുറബ്ബുഹ് മൻസൂർ ഹാദിയുടെ സർക്കാരിനെ താഴെയിറക്കുകയും രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ കൈയടക്കുകയും ചെയ്തു. ഇതോടെ, ഇന്ത്യൻ പ്രവാസികൾ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. എന്നാൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാത്ത 5000-ത്തിലധികം ഇന്ത്യൻ പൗരന്മാർ യെമനിൽ കുടുങ്ങി. ഇവരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ രാഹത്ത്. 4,640 ഇന്ത്യൻ പൗരന്മാരെയും 960 വിദേശ പൗരന്മാരെയും ഉൾപ്പെടെ 5600 പേരെയാണ് ഇന്ത്യൻ സൈന്യം യമനിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഓപ്പറേഷൻ രാഹത്ത് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണകുമാർ. കെ ആണ്. പ്രസിഡൻഷ്യൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ അഷ്ലിൻ മേരി ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം-അർജുൻ രവി, എഡിറ്റർ-ഡോൺ മാക്സ്, സംഗീതം-രഞ്ജിൻ രാജ്, ആർട്ട് ഡയറക്ടർ- ഗോകുൽദാസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.















