കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. സുരേഷ് ഗോപി കഴിഞ്ഞ ദിവസം കണ്ണൂരിൽ സന്ദർശനം നടത്തിയതും മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിൽ പോയതും പരാമർശിച്ചാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കണ്ണൂർ എസ്പിക്കാണ് പരാതി നൽകിയത്. തനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ലെന്ന് വത്സൻ തില്ലങ്കേരി ജനം ടിവിക്ക് നൽകിയ ടെലിഫോൺ പ്രതികരണത്തിൽ വ്യക്തമാക്കി. സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല. സുരേഷ് ഗോപിയുടെ സന്ദർശനത്തെ എതിർക്കുന്നുവെന്ന തരത്തിൽ ഇകെ നയനാരുടെ ഫോട്ടോ ഉൾപ്പെടെ വെച്ചാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ വിജയം ഇവിടുത്തെ രണ്ട് മുന്നണികൾക്കും ഞെട്ടൽ ഉണ്ടാക്കി. സുരേഷ് ഗോപിക്ക് കൈവന്ന സ്വീകാര്യതയും അദ്ദേഹത്തിന് ലഭിച്ച കേന്ദ്രമന്ത്രി പദവിയും ഇടത് വലത് രാഷ്‌ട്രീയക്കാരെ ഞെട്ടിച്ചു. എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തകർക്കാനും വിജയത്തിന്റെ പൊലിമ കുറയ്‌ക്കാനും ആസൂത്രിതമായ പരിശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് സംഘപരിവാറും സുരേഷ് ഗോപിയും വെവ്വേറെയാണെന്ന പ്രചാരണം നടത്തുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
പോരാളി ഷാജിമാർ ഒളിവിൽ നിന്നും പുറത്തുവരമെന്ന് എംവി ജയരാജൻ പറഞ്ഞു. വടകരയുമായി ബന്ധപ്പെട്ടും വ്യാജ പ്രചാരണം ഉണ്ടായി. കാഫിർ പ്രയോഗം നടത്തിയ പ്രൊഫൈൽ ഏതെന്ന് കണ്ടെത്താൻ പോലും പൊലീസ് ശ്രമം നടത്തിയിട്ടില്ല. അല്ലെങ്കിൽ അക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് വളമാകുന്നത് പൊലീസിന്റെ ഇത്തരം നിസ്സംഗതയാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.
തന്റെ പേരിൽ നേരത്തെ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു. അന്നേ എസ്പിക്ക് പരാതി നൽകി. പക്ഷെ ആ പ്രൊഫൈൽ ഇപ്പോഴും അവിടെ നിലനിൽക്കുകയാണ്. പൊലീസിന് നീക്കം ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.