ഒരുപന്തുപോലും എറിയാനാകാതെ അമേരിക്ക-അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ പാകിസതാൻ ടി20 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസിടാനും സാധിച്ചിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ലോകകപ്പിനെത്തിയ അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു.
പോയിൻ്റ് പങ്കുവച്ചതോടെ അമേരിക്കയ്‌ക്ക് അഞ്ചു പോയിൻ്റായി. ഇനി അയർലൻഡുമായുള്ള മത്സരത്തിൽ പാകിസ്താൻ ജയിച്ചാലും അവർക്ക് നാലു പോയിൻ്റ് മാത്രമേ നേടാനാകൂ. നെറ്റ് റൺറേറ്റിലും പാകിസ്താൻ ഏറെ പിന്നിലായാതാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിമാത്രം പൂർത്തിയാകുമ്പോഴാണ് പാകിസ്താൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ അമേരിക്ക പാകിസ്താനെ അട്ടിമറിച്ചിരുന്നു. ആറു റൺസിനാണ് ഇന്ത്യയോട് തോറ്റത്.