2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 നവംബറിൽ യുകെയിലെ ഗ്ലാസ്‌ഗോയിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷന്റെ (യുഎൻഎഫ്‌സിസിസി) കക്ഷിസമ്മേളനത്തിൽ (സിപിഒ) പ്രതിപാദിച്ച പ്രതിബദ്ധതകൾ നിശ്ചയിച്ച സമയത്തിന് മുൻപ് നിറവേറ്റുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
2030-ഓടെ കാർബൺ ബഹിർഗമനം ഒരു ബില്യൺ ടൺ കുറയ്‌ക്കാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഇക്കാലയാളവിൽ കാർബൺ തീവ്രത 45 ശതമാനത്തിൽ താഴെ കുറയ്‌ക്കുമെന്നും ഒടുവിൽ 2070-ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുമെന്നും സമ്മേളനത്തിൽ ലക്ഷ്യം വച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഇന്ത്യ പടിപടിയായി മുന്നേറുകയാണെന്നും പ്രധാനമന്ത്രി ജി 7 വേദിയിൽ പറഞ്ഞു.
ഇതിനായി ‘മിഷൻ ലൈഫ്’ അഥവാ ലൈഫ്സ്റ്റൈൽ ഫോർ എൻവയോൺമെൻ്റ് ആരംഭിക്കുന്നതിന് പുറമേ “ഏക് പെദ് മാ കേ നാം” (അമ്മയുടെ പേരിൽ ഒരു മരം) പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവരും അവരുടെ മാതാവിനെ സ്നേഹിക്കുന്നു. ഇതേ വികാരത്തോടെ എല്ലാവരെയും വൃക്ഷത്തൈ നടാൻ പ്രേരിപ്പിക്കുകയും അതുവഴി ആഗോള ഉത്തരവാദിത്തം നിറവേറ്റാൻ പ്രാപ്തമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മോദി സൂചിപ്പിച്ചു.
2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുത്താനുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം പിന്നാക്കെ പോകരുതെന്നും അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ കരുത്തുറ്റ അടിത്തറ പാകുന്നതിന് എഐ പോലെയുള്ള സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തണമെന്നും മോദി ആവശ്യം ഉന്നയിച്ചു. ക്രിയാത്മകമായി സാങ്കേതികവിദ്യയെ ഉപയോഗിക്കാനും എല്ലാവരിലേക്ക് അത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















