തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണകൊന്ത സമർപ്പിച്ച് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാതാവിനെ കാണാൻ എത്തിയത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും വേറെ അർത്ഥങ്ങളിലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരിയും ഇടവകാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഇടവക വികാരി, ട്രസ്റ്റ് അംഗങ്ങൾ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്‌കുമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
ഇടവക വികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിന് കൊന്ത സമർപ്പിച്ചത്. സമർപ്പണത്തിന് ശേഷം അടിപ്പള്ളിയിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു. ലൂർദ് പള്ളി ഇടവകയിൽ ഉൾപ്പെട്ട വ്യക്തിയാണ് മാതാവിനായി സ്വര്‍ണകൊന്ത പണിതത്. സുരേഷ് ഗോപി മുന്‍കൂറായി പണമടച്ച് പണിയിപ്പിക്കുകയായിരുന്നു. അൾത്താരയ്‌ക്ക് മുന്നിലെത്തിയപ്പോഴാണ് കൊന്ത സമർപ്പിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞത്.
നേരത്തെ ലീഡർ കെ കരുണാകരന്റെ സ്മൃതികൂടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അദ്ദേഹം മാതാവിനെ കാണാനെത്തിയത്. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്‌ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















