മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് പക്ഷം ഒറ്റയ്‌ക്ക് മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
നാലു മാസങ്ങള്‍ക്കകം മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഒറ്റയ്‌ക്ക് മത്സരിച്ചാലുള്ള സാധ്യതകളാണ് നിലവിൽ പാര്‍ട്ടി പരിശോധിക്കുന്നത്. ജൂണ്‍ 12-ന് മുംബൈയിലെ സേന ഭവനില്‍ നടന്ന യോഗത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
ഒറ്റയ്‌ക്ക് മത്സരിച്ചാലുള്ള വിജയസാധ്യതകള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ സമ്പര്‍ക്ക് പ്രമുഖുകളോടും(കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്മാര്‍) ഉദ്ധവ് നിര്‍ദേശിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡി സഖ്യത്തോടൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുന്നതാണോ ഒറ്റയ്‌ക്ക് മത്സരിക്കുന്നതാണോ പാര്‍ട്ടിക്ക് ഗുണമെന്നാണ് പരിശോധിക്കുക.