ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. 23 പേരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 8 പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് ഉച്ചയോടെ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു വരികയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ട്രാവലറിൽ മറ്റാരെങ്കിലും കുടുങ്ങി കിടന്നുണ്ടോയെന്ന പരിശോധനകളും നടന്നു വരികയാണ്. ദാരുണ അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അനുശോചനം അറിയിച്ചു.
” രുദ്രപ്രയാഗിലുണ്ടായ ദാരുണ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ദുരന്തനിവാരണ അതോറിറ്റിയും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനായി കേദാർഥനോട് ഞാൻ പ്രാർത്ഥിക്കുന്നു”.- പുഷ്‌കർ സിംഗ് ധാമി കുറിച്ചു.