തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലു മലയാളികൾക്കു കൂടി വിട നൽകി നാട്. ഇന്ന് നാലുപേരുടെ സംസ്കാര ചടങ്ങുകളാണ് നടന്നത്. കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചയോടെ പൂർത്തിയായി. ലൂക്കോസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്. ഉച്ചയോടെ വെളിച്ചിക്കാല ഐപിസി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്‍റെ സംസ്കാര ചടങ്ങുകൾ ഉച്ചക്ക് 12.30 ഓടെയാണ് നടന്നത്. നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപേർ സാജൻ ജോർജിനെ അവസാനമായി കാണാൻ വീട്ടിലും പള്ളിയിലും എത്തിയിരുന്നു.
കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. രാവിലെയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. കുറുവയിലെ പൊതുദർശനത്തിന് ശേഷമായിരുന്നു വീട്ടിലെത്തിച്ചത്. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
പത്തനംതിട്ട മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരന്റെ ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലായിരുന്നു സംസ്കാരം.















