തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ ജൂനിയർ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി എസ് ടി പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരായത്. ജാതിഅധിക്ഷേപ കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അഭിഭാഷകൻ ആളൂരിനോടൊപ്പമാണ് സത്യഭാമ ഹാജരായത്.
ജാതി അധിക്ഷേപ കേസിൽ സത്യഭാമക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സത്യഭാമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ പരോക്ഷമായി ജാതി അധിക്ഷേപം നടത്തിയത്. തുടർന്ന് ഇവർക്കെതിരെ രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു.