ന്യൂഡൽഹി: ആഗോള വിപണിയിൽ പ്രതിസന്ധിയും വെല്ലുവിളിയും നേരിടുമ്പോഴും ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്. യൂറോപ്യൻ യൂണിയൻ, യുഎസ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പിണികളിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്തെ കയറ്റുമതികൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വർദ്ധിച്ചതായാണ് കൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്‌സ്റ്റൈൽസ് ഇൻഡസ്ട്രിയുടെ (സിഐടിഐ) റിപ്പോർട്ടിൽ പറയുന്നത്.
2024 മേയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം വസ്ത്രവ്യാപാര മേഖലയിലെ സഞ്ചിത കയറ്റുമതി 9.70 ശതമനമാണെന്ന് സിഐടിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 68.29 ബില്യൺ ഡോളറിന്റെ കയറ്റുമതികളാണ് രാജ്യത്ത് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതിയിൽ, മുൻ വർഷങ്ങളെക്കാൾ വൻ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളും സൂചിപ്പിക്കുന്നു.
ഇതിനുപുറമെ ഇലക്ട്രോണിക് സാധനങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ജൈവ വസ്തുക്കൾ, അജൈവ വസ്തുക്കൾ, പെട്രോളീയം ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിലും മുൻ വർഷങ്ങളെക്കാൾ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാൽ, പാലുത്പന്നങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, മാംസം, ചായപൊടി, കാപ്പിപൊടി, ധാതുക്കൾ, പരവതാനികൾ, കരകൗശല വസ്തുക്കൾ, എണ്ണകൾ തുടങ്ങിയവയുടെ കയറ്റുമതിയിലും രാജ്യത്തിന് മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിച്ചുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ പ്രസിഡന്റ് അശ്വനി കുമാർ പറഞ്ഞു.















