ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 18 ന് തന്റെ ലോക്സഭാ മണ്ഡലമായ വാരാണസി സന്ദർശിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ 20 ,000 കോടി രൂപ അദ്ദേഹം അനുവദിക്കും. പദ്ധതിയുടെ 17 മത്തെ ഗഡുവാണ് അനുവദിക്കുക. ഒപ്പം കൃഷി സഖികൾ എന്നപേരിൽ വാരാണസിയിൽ പ്രവർത്തിക്കുന്ന 30,000 ഓളം സ്വയം സഹായ സംഘങ്ങൾക്ക് പ്രധാനമന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയം ഉത്തർപ്രദേശ് സർക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നാം തവണയും അധികാരമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി ഒപ്പുവച്ച ഫയലുകളും കിസാൻ സമ്മാൻ നിധിയുടെ 17 മത്തെ ഗഡുക്കൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. രാജ്യത്തെ 9.3 കോടി കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
2019 ൽ ആരംഭിച്ച പദ്ധതി പ്രകാരം കർഷകർക്ക് 6000 രൂപ പ്രതിവർഷം ലഭിക്കുന്നു. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുക. വാരണാസിയിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തെമ്പാടുമുള്ള 2 .5 കോടി കർഷകരും 732 കൃഷി വിജ്ഞാൻ കേന്ദ്രങ്ങളും ഒരു ലക്ഷത്തിലധികം കാർഷിക സഹകരണ സംഘങ്ങളും പരിപാടിയുടെ ഭാഗമാകുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.