ന്യൂഡൽഹി; ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും അമർനാഥ് യാത്രയുടെ മുന്നൊരുക്കങ്ങളും വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ ഞായറാഴ്ച ഉന്നതതല യോഗം ചേരുന്നത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.
ഇന്നലെ നടന്ന യോഗത്തിൽ കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും ഭീകരാക്രമണങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. തുടർന്ന് കൂടുതൽ വിശദമായ വിലയിരുത്തലുകൾക്കായി നാളെ തുടർയോഗം വിളിക്കാൻ അമിത്ഷാ നിർദ്ദേശിക്കുകയായിരുന്നു. നാളെ നടക്കുന്ന യോഗത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർമി, പൊലീസ്, ജമ്മു കശ്‌മീർ ഭരണകൂടം തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.
ജൂൺ 9 മുതൽ കശ്‌മീരിലെ റിയാസി, കത്വ, ദോഡ എന്നിങ്ങനെ നാല് സ്ഥലങ്ങളിലാണ് ഭീകരാക്രമണം നടന്നത്. തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. മേഖലയിൽ നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെകുറിച്ചുള്ള സമഗ്രമായ അവലോകനവും യോഗത്തിലുണ്ടായി.















