ഭോപ്പാൽ: കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഗവണ്മെന്റ് കോളേജിലാണ് സംഭവം. സംസ്‌കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നീരജ് ധാക്കാടിനാണ് മർദ്ദനമേറ്റത്. പൂർവ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
കോളേജിലേക്ക് അതിക്രമിച്ച് കയറിയ ഒരുസംഘം അക്രമികൾ വിദ്യാർത്ഥികളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന അധ്യാപകനെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു. അധ്യാപകന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം അക്രമികൾ കയ്യിൽ കരുതിയിരുന്ന വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവിയിൽ വ്യക്തമാണ്. അക്രമികൾ ഓടി രക്ഷപ്പെട്ടതിന് പിന്നാലെ സഹ പ്രവർത്തകർ നീരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അധ്യാപകന് തലയ്‌ക്കും കൈകാലുകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കോളേജിന്റെ സ്കോളർഷിപ്പ് പ്രോഗ്രാമിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ വിദ്യാർത്ഥി അന്നു താക്കൂറും അധ്യാപകനുമായി പ്രശ്നങ്ങൾ നില നിന്നിരുന്നു. നീരജ് ധാക്കാടിന്റെ ഔദ്യോഗിക സീലും ലെറ്റർഹെഡും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച അന്നു താക്കൂറിനെ അധ്യാപകൻ പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും അക്രമി സംഘത്തിൽ അന്നുവും ഉണ്ടായിരുന്നതായും അധ്യാപകൻ പൊലീസിന് മൊഴി നൽകി.















