വിജയ് നായകനായ ഭൈരവയിൽ തുച്ഛമായ പ്രതിഫലത്തിലാണ് അഭിനയിച്ചതെന്ന് നടി സീമ ജി നായർ. പുറത്ത് പറയാൻ പോലും പറ്റാത്ത ചെറിയൊരു തുകയാണ് ലഭിച്ചത്. പിന്നീട് അവസരം ലഭിച്ച തമിഴ് ചിത്രങ്ങളിലും ഇതേ പ്രതിഫലമായിരുന്നു. അഭിമുഖത്തിനിടെയാണ് താരം ഇത് വെളിപ്പെടുത്തിയത്.
‘വിജയ് കേേന്ദ്രകഥാപാത്രമായെത്തിയ ഭൈരവ ചെയ്യുന്ന സമയത്ത് സെറ്റിലെ പലരും എന്റെ ശമ്പളം അറിഞ്ഞിരുന്നു. ഞാൻ വളരെ ചെറിയ തുകയ്‌ക്കാണ് അഭിനയിക്കുന്നതെന്ന് പലരും അറിഞ്ഞു. ഭൈരവയിലുണ്ടായിരുന്ന ആൾക്കാരാണ് പലരോടും ഞാൻ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞത്.
പിന്നീട് ഭൈരവയിൽ ഞാൻ വാങ്ങിയ ശമ്പളത്തിന്റെ അതേ തുകക്കാണ് പലരും എന്നെ വിളിച്ചത്. ആ ശമ്പളത്തിൽ മുന്നോട്ട് പോയാൽ ശരിയാകില്ലെന്ന് മനസിലായതോടെയാണ് അത്രയും ചെറിയ ശമ്പളത്തിൽ അഭിനയിക്കുന്നത് മതിയാക്കി. പാതി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയ്‍യുടെ ഭൈരവയിൽ നിന്നും വിളിച്ചത്. തമിഴിലെ ഒരു പ്രൊഡക്ഷൻ കൺട്രോളറായിരുന്നു വിളിച്ചത്. ചിത്രത്തിൽ ഒരു മലയാളി കുടുംബമുണ്ട്. അതിൽ അഭിനയിക്കണമെന്നാണ് പറഞ്ഞത്. ചേച്ചി റെഡിയായി നിന്നോളൂ, ഞാനൊരു മീറ്റിംഗിന് കയറുകയാണ്. അത് കഴിഞ്ഞ് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും അദ്ദേഹം വിളിച്ചില്ല.
രാത്രി ഒമ്പത് മണിക്ക് ശേഷം മറ്റൊരു പൊഡക്ഷൻ കൺട്രോളർ വിളിച്ചു. വിജയ്‌യുടെ പടത്തിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞു. മറ്റൊരാൾ വിളിച്ച കാര്യം പറഞ്ഞപ്പോള്‍ അത് അറിയില്ലെന്നും തമിഴില്‍ നിന്നുമാണ് തന്നെ വിളിച്ചതെന്നും പറഞ്ഞു. പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് പറഞ്ഞത്. പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്. വിജയ്‌യുടെ സിനിമയല്ലേ? കുറഞ്ഞു പോയല്ലോ എന്ന് ഞാന്‍ ചോദിച്ചു. അത് സാരമാക്കണ്ട വിജയ്‌യുടെ പടമല്ലേ, പണത്തിന് വേണ്ടി ബലം പിടിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്ന് രണ്ട് പേരെ വിളിച്ച് ചോദിച്ചപ്പോഴും എല്ലാവരും വിജയിയുടെ സിനിമയാണല്ലോ എന്നാണ് ചോദിച്ചത്. അങ്ങനെയാണ് ഞാനന്ന് ചെറിയ പ്രതിഫലത്തിന് സമ്മതം മൂളിയത്.’- സീമ ജി നായർ പറഞ്ഞു.















