ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്‌ക്കിടെ രജത് ശർമ്മ അപകീർത്തിപരമായ പദപ്രയോഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, രാഗിണി നായക് എന്നിവർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
മാദ്ധ്യമ പ്രവർത്തകനെതിരായ വീഡിയോകളും പോസ്റ്റുകളും എക്‌സിൽ തുടർന്നാൽ അത് പരാതിക്കാരന്റെ പ്രതിഛായക്ക് മങ്ങലേൽക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഗിണി നായകുമായുള്ള ടിവി ചർച്ചകളിൽ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് രജത് ശർമ്മ ഇടപെട്ടിരിക്കുന്നതെന്നും അപ്പോഴൊന്നും അപകീർത്തിപരമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നുമുള്ളത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകനെതിരായ പോസ്റ്റുകൾ അമിതമായി വൈകാരികത സൃഷ്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജൂൺ നാലിന് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചയ്‌ക്കിടെ രജത് ശർമ്മ തനിക്കെതിരെ അപകീർത്തിപരമായ ഭാഷ ഉപയോഗിച്ചുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഗിണി നായക്കിന്റെ വാദം. എന്നാൽ ഇത് നിഷേധിച്ച രജത് ശർമയുടെ അഭിഭാഷകർ സംഭവം നടന്നത് ജൂൺ 4 ന് ആയിരുന്നെന്നും എന്നാൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ജൂൺ 10 , 11 തീയതികളിൽ ആണെന്നും ചൂണ്ടിക്കാട്ടി.